സന്തോഷിന്‍റെ ഡ്രൈവര്‍ മാപ്പുസാക്ഷിയാകേണ്ട

വ്യാഴം, 8 ജനുവരി 2009 (14:12 IST)
സ്‌ത്രീപീഡനം, ബലാത്സംഗം, തട്ടിപ്പ്‌ കേസുകളില്‍ പ്രതിയായ സന്തോഷ്‌ മാധവനെന്ന സ്വാമി അമൃത ചൈതന്യയുടെ ഡ്രൈവറും രണ്ടാം പ്രതിയുമായ കൊച്ചി കടവന്ത്ര സ്വദേശി തോമസ്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

സ്വാമിക്കേസില്‍ മാപ്പു സാക്ഷിയാകാന്‍ തയ്യാറാണെന്നും തന്നെ മാപ്പുസാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് അഡീഷണല്‍ സെഷന്‍സ്‌ തള്ളിയത്.

കേസിന്‍റെ ആരംഭഘട്ടത്തിലാണ് ഇത്തരമൊരു ഹര്‍ജി വന്നതെങ്കില്‍ പരിഗണിക്കാമായിരുന്നുവെന്നും കേസിന്‍റെഅവസാന ഘട്ടത്തില്‍ ഇങ്ങനെയൊരു ഹര്‍ജി ഫയല്‍ ചെയ്തത് രക്ഷപ്പെടാനാണെന്നും അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്ജി നിരീക്ഷിച്ചു.

പ്രതികളിലൊരാള്‍ മാപ്പുസാക്ഷിയാവുന്നത് തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ്. സന്തോഷ് മാധവനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നിരിക്കേ, തോമസിനെ മാപ്പുസാക്ഷിയാക്കുന്നത് തെളിവുകള്‍ ഇല്ലെന്ന് സമ്മതിക്കുന്നതിന് സമാനമാണെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മാപ്പുസാക്ഷിയാവാമെന്നുള്ള തോമസിന്‍റെ ഹര്‍ജിയും സന്തോഷ് മാധവന്‍റെ മറ്റൊരു തന്ത്രമായിരിക്കാമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക