സത്‌നാംസിംഗിന്റെ മരണം: സുതാര്യ അന്വേഷണം വേണമെന്ന് ഹൈക്കോടതി

വ്യാഴം, 3 ഏപ്രില്‍ 2014 (17:52 IST)
PRO
സത്‌നാംസിംഗ് മരിച്ച സംഭവത്തില്‍ സുതാര്യ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, കേസന്വേഷണത്തില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു

ബീഹാര്‍ സ്വദേശിയായ സത്‌നാംസിംഗിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും മഠത്തിലെ തുടര്‍ നടപടികള്‍ പൊലീസ് അന്വേഷിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് വള്ളിക്കാവിലെ ആശ്രമത്തില്‍ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം ജില്ലാ ജയിലില്‍ അടയ്‌ക്കപ്പെട്ട സത്നാംസിംഗിനെ മാനസികരോഗത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിയതിനെതുടര്‍ന്നാണ്‌ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ കൊണ്ടുവന്നു‌. ഇവിടെവച്ചാണ്‌ സിംഗിന്‌ മാരകമായി മര്‍ദനമേറ്റത്‌.

മൂന്നു വനിതാ ഡോക്‌ടര്‍മാരടക്കം ഏഴു ജീവനക്കാര്‍ക്ക്‌ സംഭവത്തില്‍ പങ്കുണ്ടെന്ന്‌ ഡിഎംഒയുടെ പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായിരുന്നു. കൊലപാതകമാണെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച്‌ ഡി വൈ എസ്‌ പി ഗോപകുമാര്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക