പാലൊളി കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത് ആപത്ക്കരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
ശുപാര്‍ശ നടപ്പാക്കിയാല്‍ കേരളത്തിലെ സാമുദായിക സൌഹാര്‍ദ്ദം തകരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി തീരുമാനങ്ങള്‍ എടുപ്പിക്കാനുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടായിരുന്നു.
എന്നിട്ടും കേരളത്തിന്‍റെ അടിസ്ഥാന അവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ സംസ്ഥാനത്തെ എം.പിമാര്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അവര്‍ രാജി വയ്ക്കുകയാണ് വേണ്ടത്. സി.പി.എമ്മിന്‍റെ കേന്ദ്ര നേതൃത്വം വിലക്കയറ്റത്തിനെതിരെ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.
ഈ സമരപ്രഖ്യാപനത്തിലൂടെ അങ്ങേയറ്റത്തെ ആത്മവഞ്ചനയാണ് മാര്‍ക്സിസ്റ്റ് നേതൃത്വം കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മെയ് രണ്ടിന് ബി.ജെ.പി നടത്തുന്ന അഖിലേന്ത്യാ ഹര്‍ത്താലുമായി അവര്‍ സഹകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.