സംസ്ഥാ‍ന സര്‍ക്കാരിന് വി എസിന്റെ പിന്തുണ

ചൊവ്വ, 19 ഫെബ്രുവരി 2013 (11:19 IST)
PRO
PRO
വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ യോജിച്ച്‌ പോരാടാമെന്നും വി എസ് നിയമസഭയില്‍ പറഞ്ഞു. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് വി എസിന്റെ ഈ പിന്തുണ.

വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു ആര്യാടന്‍. പ്രതിപക്ഷത്തു നിന്ന്‌ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി തേടിയ എ കെ ബാലന്‍, വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അതിന്‌ അനുകൂല നിലപാടെടുത്തു. സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ നടക്കുകയാണ്‌. എന്നാല്‍ ഇക്കാര്യം ജനങ്ങളില്‍ നിന്നു മറച്ചു വച്ചതായി അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സ്വകാര്യവല്‍ക്കരിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആര്യാടന്‍ അറിയിച്ചു. വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനക്ഷമത കൂട്ടാനാണു കേന്ദ്രം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണമേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനുളള നീക്കം മാത്രമാണു നടക്കുന്നതെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌ സഭയെ അറിയിച്ചു.

സ്വകാര്യവല്‍ക്കരണത്തില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക ലാഭം വേണ്ടെന്നും ആര്യാടന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടിന് വി എസ് പിന്തുണ പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക