ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെ പ്രതി ചേര്‍ത്തേക്കും

ചൊവ്വ, 31 ജൂലൈ 2012 (09:43 IST)
PRO
PRO
തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്‌ദുള്‍ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യും.

കേസില്‍ ജയരാജനെ പ്രതിചേര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഗൂഢാലോചനക്കേസിലായിരിക്കും ജയരാജനെ പ്രതി ചേര്‍ക്കുക. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ജയരാജനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള എല്ലാ തെളിവുകളും ലഭിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

തളിപ്പറമ്പ്‌ അരിയിലില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായ ചില പ്രാദേശിക നേതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്തത്.

അതേ സമയം, ടി വി രാജേഷ്‌ എംഎല്‍എയെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കില്ലെന്നാണു സൂചന. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാതിരുന്നതിനാവും രാജേഷിനെതിരെ കുറ്റം ചുമത്തുക.

വെബ്ദുനിയ വായിക്കുക