ശ്രുതി തരംഗം പദ്ധതിക്ക് കീഴില്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ഒപ്പറേഷന്‍ കഴിഞ്ഞ കുഞ്ഞുങ്ങളുടെ സംഗമം കോഴിക്കോടിനു വേറിട്ട അനുഭവം സമ്മാനിച്ചു. സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്താനുള്ള പ്രായപരിധി പത്തു വയസാക്കി ഉയര്‍ത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി ഡോ എം കെ മുനീര്‍ പറഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി ചെയ്ത കുട്ടികളോടൊപ്പം വിളക്ക് കൊളുത്തിയാണ് മന്ത്രി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തത്.
പ്രമേഹ രോഗികളായ ചെറിയ കുട്ടികള്‍ക്കു സൗജന്യമായി ഇന്‍സുലിന്‍, ഇന്‍സുലിന്‍ പമ്പ്, ഗ്ലൂക്കോ മീറ്റര്‍ എന്നിവ നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും നാല് വര്‍ഷത്തെ വാറന്റി പിരീയഡിന് ശേഷമുള്ള മെയിന്റനന്‍സ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം ചടങ്ങിൽ അറിയിച്ചു. നമ്മുടെ സമൂഹത്തില്‍ ഒരു കുട്ടി പോലും ഇത്തരമൊരു അവസ്‌ഥയില്‍ ഉണ്ടാവരുതെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി കേന്ദ്രങ്ങള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ആരംഭിക്കുന്ന എ വി ടി സെന്ററിനു സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച 85 ലക്ഷം രൂപ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ പി വി നാരായണനു മുനീർ കൈമാറി. വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തറാപ്പി നല്‍കാനുള്ള മൊബൈല്‍ സംവിധാനത്തിന്റെ പൈലറ്റ് പദ്ധതിയുടെ ഉദ്ഘാടനം, വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളുടെ പരിചരണത്തിനായി സ്ഥാപിക്കുന്ന 25 പ്രത്യേക അങ്കണവാടികളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
കോര്‍പ്പറേഷന്‍ മേയര്‍ വി കെ സി മമ്മദ് കോയ അധ്യക്ഷനായ ചടങ്ങിൽ സിനിമ, സീരിയല്‍ താരം സുരഭി, ബാല ഗായിക ശ്രേയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സര്‍ജറിക്ക് വിധേയരായ 600 കുട്ടികളുടെ രക്ഷിതാക്കൾക്ക് പുറമെ, സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, അധ്യാപകർ എന്നിവര്‍ പങ്കെടുത്ത സംഗമത്തിൽ കേൾവി ശക്തി തിരിച്ചു ലഭിച്ച കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.