ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം: കൃത്രിമം നടന്നിരിക്കാന്‍ സാധ്യതയില്ലെന്ന് ജസ്റ്റിസ് രാജന്‍

ചൊവ്വ, 29 ഏപ്രില്‍ 2014 (10:25 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ കൃത്രിമം നടന്നിരിക്കാന്‍ സാധ്യതയില്ലെന്ന് ജസ്റ്റിസ് കെ എസ് രാജന്‍ . സുപ്രീംകോടതി നിയോഗിച്ച ആദ്യ കണക്കെടുപ്പ് സമിതിയുടെ അധ്യക്ഷനായിരുന്നു കെ എസ് രാജന്‍. കൃത്രിമം നടന്നുവെന്ന സിവി ആനന്ദബോസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് രാജന്റെ പ്രതികരണം. 
 
നിലവറകളില്‍ നിന്ന് നിധി കടത്തുക അസാധ്യമാണ്. കാരണം 2007-ലെ അഭിഭാഷക കമ്മീഷന്‍ എല്ലാ നിലവറകളും ഭദ്രമായി മുദ്രവെച്ചിരുന്നു. താന്‍ കണക്കെടുപ്പിന് ചെന്നപ്പോള്‍ മുദ്രവെച്ച നിലയില്‍ തന്നെയായിരുന്നു നിലവറകള്‍. പിന്നെങ്ങനെ കവര്‍ച്ച നടക്കുമെന്നും അദ്ദേഹം ചോദിച്ചു. രാജകുടുംബത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 
 
വളരെ ഗൌരവമേറിയ ആരോപണങ്ങളാണ് ആനന്ദബോസ് ഉന്നയിച്ചത്. മാര്‍ത്താണ്ഡവര്‍മ നിലവറകള്‍ പലതവണ തുറന്നിട്ടുണ്ട്. അതിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. പൗരാണികമായ നിധിശേഖരത്തിന്റെ ചിത്രമെടുക്കുന്നത് വളരെ ഗൗരവമുള്ള കൃത്യമാണ്. ഈ ചിത്രങ്ങളെ ആശ്രയിച്ച് അവിടെയുള്ള അപൂര്‍വ വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിക്കാനാവുമെന്നുമായിരുന്നു ആനന്ദബോസിന്റെ ആരോപണം
 
യഥാര്‍ത്ഥ വസ്തുക്കള്‍ക്ക് പകരം ഇത്തരം മാതൃകകള്‍ വയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യഥാര്‍ത്ഥവസ്തുക്കളില്‍ പലതും വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യത ശേഷിക്കുന്നതായും ആനന്ദബോസ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക