വ്യവസായിയായ മല്ലേലില്‍ ശ്രീധരന്‍ നായര്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി പുറത്ത്. സരിത നായര്‍ക്കൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടതായി ഈ മൊഴിയില്‍ ശ്രീധരന്‍ നായര്‍ വ്യക്തമാക്കുന്നു. ശെല്‍വരാജ് എം എല്‍ എയും ആ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നതായി മൊഴിയില്‍ പറയുന്നു.
വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ഇത്തരം പദ്ധതികളാണ് ആവശ്യമെന്നും നിങ്ങളേപ്പോലെയുള്ളവര്‍ ഇത്തരം പദ്ധതികളുമായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി തന്നോട് പറഞ്ഞതായി ശ്രീധരന്‍ നായരുടെ 164 മൊഴിയില്‍ പറയുന്നു. അനെര്‍ട്ടിന്‍റെ അംഗീകാരം പദ്ധതിക്കുണ്ടെന്നും സബ്സിഡി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും മൊഴിയില്‍ പറയുന്നുണ്ട്.
തന്‍റെ മുന്നില്‍ വച്ചാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് സരിതാ നായര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. അത് ദുരിതാശ്വാസഫണ്ടിലേക്ക് ഉള്ളതായിരുന്നു. ചെക്ക് മുഖ്യമന്ത്രി ജോപ്പന് കൈമാറി. താനും സരിതയും മുഖ്യമന്ത്രിയും ഒന്നിച്ചാണ് ഓഫീസില്‍ നിന്ന് തിരികെ ലിഫ്റ്റില്‍ കയറിയതെന്നും മൊഴിയില്‍ പറയുന്നു.
11 പേജുകളിലായാണ് രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ അപേക്ഷപ്രകാരമാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് കൈമാറിയിട്ടുള്ളത്.