ശബരിമല : മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കും

ബുധന്‍, 10 ഏപ്രില്‍ 2013 (14:48 IST)
PRO
PRO
ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മണ്ഡലപൂജ മകരവിളക്ക് മഹോത്സവം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും സമയബന്ധിതമായി ഏര്‍പ്പെടുത്താന്‍ ഇന്നു ചേര്‍ന്ന ശബരിമല അവലോകനയോഗത്തില്‍ തീരുമാനിച്ചു. ശബരിമലയിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങല്‍, മരാമത്ത് പണികള്‍ ചെയ്യല്‍ എന്നിവ ഇ-ടെന്‍ഡറിലൂടെ ആക്കും. ഇതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍റിന്റെ(എന്‍ഐസി) സാങ്കേതിക സഹായം തേടും.

ശബരിമല അടക്കമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിലെ കാണിക്ക എണ്ണല്‍ ദേവസ്വം ബോര്‍ഡിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇരുന്ന് ബോര്‍ഡ് അധികൃതര്‍ക്ക് നിരീക്ഷിക്കുന്നതിനും അതിന്റെ രേഖകള്‍ ഒരു നിശ്ചിത കാലയളവിലേക്ക് സൂക്ഷിക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡണ്ട് അഡ്വ എംപി ഗോവിന്ദന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ബോര്‍ഡ് അംഗം സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) കെ രവികുമാര്‍, സെക്രട്ടറി പി ആര്‍ ബാലചന്ദ്രന്‍ നായര്‍ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


വെബ്ദുനിയ വായിക്കുക