ശബരിമല തീര്‍ഥാടനം: അവശ്യസാധനവില നിയന്ത്രിക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍
വ്യാഴം, 7 നവംബര്‍ 2013 (17:09 IST)
PRO
PRO
ശബരിമല മണ്ഡലം, മകരവിളക്ക് മഹോത്സവകാലത്ത് സംസ്ഥാനത്തെ ഹോട്ടലുകള്‍, പഴം-പച്ചക്കറിക്കടകള്‍ മുതലായവയില്‍ കര്‍ശന വിലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യകുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.
ഇതിനായി സര്‍ക്കാര്‍ വിപണിയിടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിവരുന്ന ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അവശ്യസാധനങ്ങളുടെ വിലയും ഗുണവും നിയന്ത്രിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ്, പൊതുവിതരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. പഴം, പച്ചക്കറി മുതലാവയുടെ വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നിവ, ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഹോട്ടലുകളിലും തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ടുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യോത്പ്പന്നങ്ങള്‍ കൊണ്ടുവരുന്ന ചെക്ക്‌പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും എന്ന് മന്ത്രി പറഞ്ഞു.
എല്ലാ ശബരിമല ഇടത്താവളങ്ങളിലും ഭക്തജനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിവരുന്നു. ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് പ്രധാന ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ നടത്തും. പോലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കും. തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.