ശബരിമല തീര്‍ത്ഥാടനം: വ്യാജ കുങ്കുമം നിരോധിച്ചു

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (15:22 IST)
PRO
PRO
ശബരിമല തീര്‍ത്ഥാടനം, എരുമേലി പേട്ടതുള്ളല്‍ എന്നിവയോടനുബന്ധിച്ച് കുങ്കുമമെന്ന പേരില്‍ കൃത്രിമ നിറങ്ങളും അപകടകരങ്ങളായ രാസപദാര്‍ത്ഥങ്ങളും ചേര്‍ന്ന മിശ്രിതങ്ങള്‍ വില്ക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇത് സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെയും നിയമസഭാസമിതി, ഡ്രഗ്‌സ് കണ്‍‌ട്രോളര്‍, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുവടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വ്യാജകുങ്കുമവും മറ്റ് വര്‍ണ്ണ മിശ്രിതങ്ങളും വില്പന നടത്തുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ കാര്യങ്ങള്‍ പരിഗണിച്ച് ഇനിപറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

തീര്‍ത്ഥാടനകാലത്ത് പ്ലാസ്റ്റിക് പൊതികളിലും മറ്റുമായി കൃത്രിമ വര്‍ണ്ണ മിശ്രിതങ്ങള്‍ വില്പന നടത്തുന്നില്ലെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തണം. കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഈ വ്യവസ്ഥകൂടി ഉള്‍പ്പെടുത്തണം. എരുമേലി പേട്ടതുള്ളലിന് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന കുങ്കുമം വില്ക്കുന്നതിന് വ്യാപാരികള്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. വഴിയോര കച്ചവടക്കാരുള്‍പ്പെടെ കുങ്കുമം വില്പന നടത്തുന്ന മുഴുവന്‍ വ്യാപാരികളും ഉല്പന്നത്തിന് കട 10999:1999 ഗുണനിലവാരം ഉറപ്പാക്കണം. മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമായ വര്‍ണ്ണ മിശ്രിതങ്ങള്‍ എരുമേലിയില്‍ വില്ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യ വകുപ്പും പ്രത്യേക ജാഗ്രത കാട്ടണം.

ഇങ്ങനെയുള്ളവ പിടിച്ചെടുത്ത് ഉത്തരവാദികളായ കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കൃത്രിമകുങ്കുമവും ഷാംപൂപോലെ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞുള്ള മറ്റ് വസ്തുക്കളും വില്പന നടത്തുന്നത് തടയാന്‍ സന്നദ്ധസേവകരുടെ സേവനം പ്രയോജനപ്പെടുത്തണം. അതേസമയം പ്രകൃതിദത്തമായ ചേരുവകളുപയോഗിച്ച് നിര്‍മ്മിക്കുന്ന കുങ്കുമത്തിനും മറ്റ് വര്‍ണ്ണ വസ്തുക്കള്‍ക്കും നിരോധനമുണ്ടാവില്ല.

വെബ്ദുനിയ വായിക്കുക