ശബരിമലയില്‍ സ്ത്രീകള്‍ കയറിയിട്ടുണ്ട് - മന്ത്രി സുധാകരന്‍

FILEFILE
തിരുവിതാംകൂര്‍ രാജവംശത്തിലെ അമ്മ മഹാറാണിയുള്‍പ്പടെയുള്ള സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ മുമ്പ് കയറിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍.

നിയമസഭയില്‍ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദേവസ്വം മന്ത്രി ജി. സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. 1940 ല്‍ പത്ത് വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായമുണ്ടായിരുന്ന അമ്മ മഹാറാണി രാജാവിനോടൊപ്പം ക്ഷേത്രദര്‍ശനം നടത്തി.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം അമ്പലപ്പുഴയില്‍ നിന്നുമുള്ള സ്ത്രീകള്‍ പതിനെട്ട് പടികള്‍ കയറാതെ ക്ഷേത്രത്തിന്‍റെ വടക്ക് വശത്തുകൂടി പ്രവേശിച്ചിരുന്നുവെന്നതിനും തെളിവുകളുണ്ട്. മാലയിട്ട സ്ത്രീ‍കളെ മാളികപ്പുറമെന്നാണ് വിളിക്കാറ്. മാളികപ്പുറത്തമ്മ അയ്യപ്പന്‍റെ സമീപമാണ് ഇരിക്കുന്നത്.

പഴയ പല ആചാരങ്ങളും മാറിയിട്ടുണ്ട്. തന്ത്രിമാര്‍ ക്ഷേത്രക്കുളത്തില്‍ കുളിച്ച് പൂജ ചെയ്യണമെന്നാണ് പറയാറ്. എന്നാല്‍ ഇവര്‍ പൈപ്പില്‍ കുളിച്ചിട്ടാണ് പൂജ നടത്തുന്നത്. മദ്യപിച്ചുകൊണ്ട് ഒരുപാട് പേര്‍ ശമരിമല ദര്‍ശനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഇതേക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സുധാകരന്‍റെ പ്രസ്താവന ഭ്രാന്തന്‍റെ ജല്‌പനങ്ങളാണെന്ന് പ്രതിപക്ഷത്ത് നിന്നും കെ. സുധാകരന്‍ പറഞ്ഞത് മന്ത്രിയുമായി അല്‌പനേരത്തെ വാഗ്വാദത്തിനും ഇടയാക്കി.

വെബ്ദുനിയ വായിക്കുക