ശബരിമലയില്‍ മേല്‍‌ശാന്തിയുടെ മകള്‍, അന്വേഷിക്കുമെന്ന് മന്ത്രി

തിങ്കള്‍, 21 ഏപ്രില്‍ 2014 (17:18 IST)
PRO
ശബരിമല സന്നിധാനത്ത് മേല്‍‌ശാന്തിയുടെ 12കാരിയായ മകള്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. ദേവസ്വം സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

മേല്‍ശാന്തിയുടെ മകളായ പാര്‍വതി എന്ന 12കാരി ശബരിമല സന്നിധാനത്ത് നില്‍ക്കുന്നതിന്‍റെ ചിത്രം പുറത്തുവന്നിരുന്നു. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്ന ആചാരമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സന്നിധാനത്തെത്തിയതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥകള്‍ സംബന്ധിച്ച് ദേവസ്വം മൌനം പാലിക്കുകയാണ്.

ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കടുത്ത ആചാരനിഷേധവും നിയമലംഘനവുമാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. മേല്‍‌ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തി എന്നത് വിശ്വസിക്കുന്നില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റാണ്. അറിഞ്ഞുകൊണ്ട് ആരും അങ്ങനെ ഒരു തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല - രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മുമ്പ് ചലച്ചിത്രനടി ജയമാല, താന്‍ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക