ശബരിമലയില്‍ തിരുപ്പതി മോഡല്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തെ ഇടതുമുന്നണി ഘടകക്ഷികള്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കാര്യങ്ങള്‍ നേരെ നടന്ന് പോകണമെന്നത് കൊണ്ടാണ് ശബരിമലയില്‍ തിരുപ്പതി മോഡല്‍ അതോറിറ്റി വേണമെന്ന അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നത്. തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ ആലോചിച്ച ശേഷമേ നടപ്പാക്കൂ.
അതിന് മുമ്പ് ഘടകകക്ഷികളാരും അഭിപ്രായം പറയേണ്ട കാര്യമില്ല. ഉള്ള മുതല്‍ വീതിക്കാനല്ല സംരക്ഷിക്കാനാണ് ആര്‍.എസ്.പി ഭരണത്തിലിരിക്കുമ്പോള്‍ നോക്കേണ്ടത്. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങളെ ആര്‍.എസ്.പി എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല.
അപക്വമായ അഭിപ്രായങ്ങളാണ് അവരുടേത്. അവരുടെ മനസിലുള്ള താത്പര്യങ്ങള്‍ മനസില്‍ അടക്കിവയ്ക്കാനാവാതെ വരുമ്പോഴാണ് പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിനുള്ള സ്വയം ഭരണാധികാരം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
സര്‍ക്കാരിന് നേരിട്ട് ദേവസ്വം ബോര്‍ഡില്‍ ഇടപെടാനുള്ള നിയമ ഭേദഗതിയാണ് വേണ്ടത്. എന്നാല്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചിലര്‍ എതിര്‍പ്പിന്‍റെ വാളെടുക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.