ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ പെയിന്റടി; മൂന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ
വെള്ളി, 19 ഏപ്രില്‍ 2013 (13:33 IST)
PRO
PRO
ക്ഷേത്രാചാരത്തിനു വിരുദ്ധമായി സ്വര്‍ണ്ണ കൊടിമരത്തില്‍ പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ. ശബരിമല മുന്‍എക്‌സിക്യുട്ടീവ് ഓഫീസര്‍ എം സതീഷ് കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കെ രാജന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും ലെയ്‌സണ്‍ ഓഫീസര്‍ പി ബാലനെ നീക്കാനും വിജിലന്‍സ് വിഭാഗം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയത്. ശബരിമലയിലുണ്ടായ ദോഷങ്ങള്‍ക്ക് അടിയന്തിരമായി പ്രതിവിധി ചെയ്യണമെന്നു ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി.
ബോര്‍ഡിന്റെ ഉത്തരവില്ലാതെ ഉദ്യോഗസ്‌ഥര്‍ സ്‌പോണ്‍സര്‍ഷിപ്പു സ്വീകരിക്കുന്നത് വിലക്കാനും നിര്‍ദേശമുണ്ട്. ചെന്നൈയിലുള്ള കുമരന്‍ സില്‍ക്‌സിന്റെ ചെലവില്‍ അവര്‍ നിയോഗിച്ച ജോലിക്കാരെക്കൊണ്ടാണ് 2011 ഡിസംബര്‍ 28 മുതല്‍ 30 വരെ ലെയിസണ്‍ ഓഫീസര്‍ പി ബാലന്‍ ജോലികള്‍ ചെയ്യിച്ചത്. എം സതീഷ് കുമാര്‍, കെ രാജന്‍ എന്നിവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ജോലികള്‍ നടന്നത്.
താജ് ഗ്രൂപ്പിന്റെ എറണാകുളത്തെ ഹോട്ടലില്‍ മുഴുവന്‍ സമയ സെക്യുരിറ്റി ലെയ്സണ്‍ ഓഫീസര്‍ ജോലിയോടൊപ്പം ശബരിമലയിലും ജോലി ചെയ്‌തിരുന്ന പി ബാലനെ നീക്കുന്നതിനൊപ്പം യോഗ്യതയുള്ള ഒരാളെ പകരം നിയമിക്കാനും ശിപാര്‍ശയുണ്ട്. എം. സതീഷ് കുമാറും കെ രാജനും ശബരിമലയില്‍ അനധികൃതമായി ഒറ്റരാശി താംബൂലപ്രശ്‌നം നടത്തിയതിന് നടപടി നേരിട്ടുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡലപൂജ കഴിഞ്ഞ് നടഅടച്ച ദിവസങ്ങളില്‍ തന്ത്രിയുടെയോ, ദേവസ്വം ബോര്‍ഡിന്റെയോ കമ്മിഷണറുടെയോ അനുവാദം വാങ്ങാതെ ശബരിമലയിലെ സ്വര്‍ണ കൊടിമരത്തിന്റെ ചുവട്ടിലും അഷ്‌ടദിക്‌പാലക പ്രതിഷ്‌ഠകളിലും പെയിന്റടിച്ചതാണ് വന്‍വിവാദമായത്. പെയിന്റടി ചൈതന്യ ലോപത്തിനും അതുവഴി ദൈവാനുഗ്രഹക്കുറവിനും കാരണമായിട്ടുണ്ടെന്ന് അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക് തന്ത്രി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പെയിന്റ് സ്‌പ്രേ ചെയ്‌തത് ക്ഷേത്രാചാര വിരുദ്ധമാണെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഗുരുതരമായ വിഴ്‌ചയാണ്. ഉദ്യോഗസ്‌ഥന്‍മാര്‍ ഭക്‌തന്‍മാരെക്കൊണ്ട് ബോര്‍ഡ് അറിയാതെ ചില ജോലികള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് കണക്കില്ലാതെ കോടികള്‍ പിരിക്കുന്നു. ശബരിമലക്കുവേണ്ടി ചെറിയ തുക ചെലവഴിച്ചശേഷം ബാക്കി ദേവസ്വം ഉദ്യോഗസ്‌ഥരുമായി ചേര്‍ന്ന് വീതിച്ചെടുക്കുന്നു. പ്രത്യുപകാരമായി സ്‌പോണ്‍സര്‍മാര്‍ക്ക് ഉദ്യോഗസ്‌ഥര്‍ അനര്‍ഹ സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നതും അന്വേഷണത്തില്‍ കണ്ടെത്തി.