ശബരിമലയിലെ വികസനം: വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

വെള്ളി, 18 ഒക്‌ടോബര്‍ 2013 (09:57 IST)
PRO
PRO
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത്. വികസനത്തിന് അനുകൂലമായ നിലപാടല്ല വനംവകുപ്പ് സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആരോപണം. വനംവകുപ്പില്‍ നിന്നും ലഭിക്കേണ്ട ഭൂമി വിട്ടുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാനും ഒരുക്കമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ശബരിമലയിലെ കുന്നാര്‍ ഡാമിന്റെ ശേഷി വര്‍ധിപ്പിക്കുന്നതു തടഞ്ഞ വനം വകുപ്പിന്റെ നടപടിക്ക് എതിരെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശക്തമായി രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടസ്സപ്പെടുത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ ആരോപിച്ചു.

ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇത് തടസ്സപ്പെടുത്തുന്ന വനംവകുപ്പിന്റെ നടപടി അംഗീകരിക്കില്ലെന്നും ശബരിമലയുടെ വികസനത്തിന് അനുകൂലമായ നിലപാടല്ല വനം വകുപ്പ് സ്വീകരിക്കുന്നതെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക