വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ 1062 ബൂത്തുകളില്‍ ഉപയോഗിക്കും

വെള്ളി, 13 മെയ് 2016 (13:52 IST)
വോട്ടര്‍മാര്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്കു തന്നെയാണ് വോട്ട് നല്‍കിയതെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന വി.വി.പാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രങ്ങള്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 12 മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത 1062 ബൂത്തുകളില്‍ ഉപയോഗിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതാണിക്കാര്യം.
 
വോട്ടിംഗ് കമ്പാര്‍ട്ട്മെന്‍റില്‍ ബാലറ്റ് യൂണിറ്റിനോടു ചേര്‍ന്ന് ഘടിപ്പിക്കുന്ന വി.വി.പാറ്റ് യൂണിറ്റിന്‍റെ ഡിസ്പ്ലേയില്‍ വോട്ടര്‍ വോട്ട് രേഖപ്പെടുത്തിയാലുടന്‍ സ്ഥാനാര്‍ത്ഥിയുടെ പേര്,സീരിയല്‍ നമ്പര്‍, ചിഹ്നം എന്നിവ ഉള്‍പ്പെടുന്ന സ്ലിപ്പ് ഏഴ് സെക്കന്‍ഡ് സമയം വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയും. തുടര്‍ന്ന് സ്ലിപ്പ് മുറിഞ്ഞ് വി.വി.പാറ്റ് യന്ത്രത്തില്‍ വീഴുമെങ്കിലും ഇത് വോട്ടര്‍മാര്‍ക്ക് എടുക്കാന്‍ സാധിക്കില്ല.
 
ഇതനുസരിച്ച് കണ്ണൂര്‍ (33 ബൂത്തുകള്‍), കോഴിക്കോട് നോര്‍ത്ത് (95 ബൂത്തുകള്‍‍) മലപ്പുറം (92), പാലക്കാട് (76), തൃശൂര്‍ (105 ബൂത്തുകള്‍), എറണാകുളം (65 ബൂത്തുകള്‍), തൃക്കാക്കര (87 ബൂത്തുകള്‍), കോട്ടയം (142 ബൂത്തുകള്‍), ആലപ്പുഴ (91 ബൂത്തുകള്‍), കൊല്ലം (122 ബൂത്തുകള്‍), വട്ടിയൂര്‍ക്കാവ് (69 ബൂത്തുകള്‍), നേമം (85 ബൂത്തുകള്‍) എന്നീ മണ്ഡലങ്ങളിലാണ് വി.വി.പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക