വോട്ടര്‍മാര്‍ക്ക് ‘ക്രൈം’ വാരിക സൌജന്യം!

ചൊവ്വ, 12 ഏപ്രില്‍ 2011 (15:25 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ‘ക്രൈം’ വാരിക വിതരണം ചെയ്തത് കയ്യാങ്കളിയില്‍ കലാശിച്ചു. എല്‍ഡിഎഫ് നേതാക്കളെയും സ്ഥാനാര്‍ഥികളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണു വാരികയെന്ന് ആരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് വിതരണം തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

ചേനംചേരി പഞ്ചായത്തിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വാരികയുടെ കെട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. എല്‍ ഡി എഫിലെ ചില നേതാക്കളെ പറ്റി ‘തുറന്ന്’ എഴുതിയിട്ടുള്ള വാരിക എന്തിനാണ് കോഴിക്കോട് കൊണ്ടുവന്ന് സൌജന്യമായി വിതരണം ചെയ്യുന്നതെന്ന് അറിയാമെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാരിക വ്യപകമായി വിതരണം ചെയ്തതിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ഡി സി സി വൈസ് പ്രസിഡന്റ് യു രാജീവിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് ചെയ്തു. എല്‍ ഡി എഫ് - യു ഡി എഫ് സംഘര്‍ഷത്തില്‍ മൂന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

വെബ്ദുനിയ വായിക്കുക