വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന മൂന്ന് ലക്ഷം രൂപയുടെ വെള്ളിക്കൊലുസുകള്‍ സേലത്ത് നിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

വ്യാഴം, 17 മാര്‍ച്ച് 2016 (17:51 IST)
വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച  മൂന്ന് ലക്ഷത്തോളം രൂപയുടെ വെള്ളിക്കൊലുസുകള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് വെള്ളിക്കൊലുസുകള്‍ കൊണ്ടുവന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപയുടെ 150 ജോഡി വെള്ളിക്കൊലുസുകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 
 
പ്രാദേശിക ഡി എം കെ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വെള്ളിക്കൊലുസില്‍ ഡി എം കെ അധ്യക്ഷന്‍ കരുണനിധി, ട്രഷററായ സ്റ്റാലിന്‍, തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്‍ എന്നിവ പ്രിന്റ് ചെയ്തിട്ടുണ്ട്.
 
തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയത്. മെയ് 16നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് കൈക്കൂലിയായി കണക്കാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജേഷ് ലഖോനി പറഞ്ഞു.

വെബ്ദുനിയ വായിക്കുക