വെളിയം സ്ഫോടനം: രേഖാചിത്രം പുറത്തുവിട്ടു

വെള്ളി, 26 നവം‌ബര്‍ 2010 (10:13 IST)
വെളിയത്തെ ബോംബ്‌സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന യുവാവിന്‍റെ രേഖാചിത്രം പൊലീസ്‌ പുറത്തുവിട്ടു. 20നും 22നും മധ്യേ വയസ്സുള്ള കറുത്ത നിറമുള്ള ഇയാള്‍ക്ക്‌ ഏകദേശം അഞ്ചടി നാലിഞ്ച്‌ ഉയരം ഉണ്ടാകുമെന്ന് പൊലീസ്‌ അറിയിച്ചു.

രണ്ടു വിദ്യാര്‍ഥികളും രണ്ടു വ്യാപാരികളും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്‌. ബോംബ്‌സ്ഫോടനം നടന്നതിനു കാല്‍മണിക്കൂര്‍ മുമ്പ് വെളിയം ജംഗ്‌ഷനില്‍ സംശയകരമായ രീതിയില്‍ ചുറ്റിത്തിരിഞ്ഞ യുവാവിനെ നാട്ടുകാരില്‍ ചിലരും ശ്രദ്ധിച്ചിരുന്നു.

സംഭവത്തിനു തൊട്ടുമുമ്പ് വെളിയത്തുനിന്നു രാത്രി ഏഴേകാലിന്‌ ആയൂര്‍ വഴി അഞ്ചലിലേക്കു പോയ സ്വകാര്യബസില്‍ ഇയാള്‍ പോയെന്ന് നാട്ടുകാര്‍ വിവരം നല്കിയിരുന്നു. സൂചനയെ തുടര്‍ന്നു ബസ്‌ ജീവനക്കാരോടു ചോദിച്ചെങ്കിലും പൊലീസിനു വിവരങ്ങള്‍ ലഭിച്ചില്ല.

സ്വകാര്യ മൊബൈല്‍ കമ്പനികളില്‍ നിന്നു ലഭിച്ച കോള്‍ വിവരങ്ങള്‍ പരിശോധിച്ചതിലും ആശാവഹമായ വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷകര്‍ക്കു കഴിഞ്ഞിട്ടില്ല.

വെബ്ദുനിയ വായിക്കുക