വീട്ടിലേക്കുള്ള വഴി മുടങ്ങി: ജി സുധാകാരന്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
വെള്ളി, 28 സെപ്‌റ്റംബര്‍ 2012 (13:08 IST)
PRO
PRO
വീട്ടിലേക്കുള്ള വഴി മുടക്കി റോഡ് പണിക്കുള്ള മെറ്റല്‍ ഇറക്കിയതില്‍ പ്രതിഷേധിച്ച് ജി സുധാകരന്‍ എം എല്‍ എ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആലപ്പുഴയിലെ ദേശീയപാതയോരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് മെറ്റല്‍ ഇറക്കിയതില്‍ പ്രതിഷേധിച്ചാണ് മുന്‍മന്ത്രി കൂടിയായ ജി സുധാകരന്‍ കുത്തിയിരിപ്പ് നടത്തിയത്.
തന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചെന്നും റോഡ് അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ ഒഴിഞ്ഞ സ്ഥലത്താണ് ഇറക്കേണ്ടതെന്നും അപകടത്തിനിടയാക്കുന്ന രീതിയിലാണ് ഇപ്പോള്‍ മെറ്റല്‍ ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. മെറ്റല്‍ ഇറക്കിയ ലോറി ഡ്രൈവറോ റോഡ് പണിയുടെ ചുമതലയുള്ള എന്‍ജിനീയറോ എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ജി സുധാകരന്‍.
എഡിഎമ്മും പൊലീസും സ്ഥലത്തെത്തി എംഎല്‍എയുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ പൊതുമരാമത്ത് മന്ത്രി നേരിട്ട് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് സമരം അവസാനിപ്പിച്ചത്. രാവിലെ 10 മണിയോടെയാണ് അദ്ദേഹം സമരം ആരംഭിച്ചത്.