വി എസ് തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാരാട്ട്

തിങ്കള്‍, 23 ഫെബ്രുവരി 2015 (17:17 IST)
മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പീപ്പിള്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. വി എസിന്റെ നടപടി ദൌര്‍ഭാഗ്യകരമാണ്. വി എസ് തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിക്ക് പുറത്ത് വി എസ് ഇല്ല എന്ന് മനസ്സിലാക്കണമെന്നും കാരാട്ട് പറഞ്ഞു.
 
സമ്മേളനത്തില്‍ നിന്ന് വി എസ് മാറി നിന്നത് തെറ്റായ തീരുമാനമാണ്. ആരും പാര്‍ട്ടിക്ക് അതീതരല്ല. സംഘടന റിപ്പോര്‍ട്ടില്‍ ഇനി ഭേദഗതി ഉണ്ടവില്ല. വി എസ് പാര്‍ട്ടിയോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയില്‍ ഐക്യം ശക്തിപ്പെട്ടു. സമ്മേളനം ചരിത്രസംഭവമാണെന്നും പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാനായെന്നും കാരാട്ട് പറഞ്ഞു.
 
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ മറ്റാരും കുറ്റക്കാരല്ലെന്നും കാരാട്ട് പറഞ്ഞു. കത്ത് സംബന്ധിച്ച് പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞെന്നും കാരാട്ട് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക