വി എസ് ആശുപത്രിയില്‍, പ്രതിഷേധം വ്യാപകം, ബുധനാഴ്ച സംസ്ഥാന ഹര്‍ത്താല്‍
ചൊവ്വ, 9 ജൂലൈ 2013 (18:23 IST)
PRO
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം വ്യാപകമാക്കുന്നു. ബുധാനാഴ്ച സംസ്ഥാന ഹര്‍ത്താലിന് എല്‍ ഡി എഫ് അഹ്വാനം ചെയ്തു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നേരെയും പൊലീസിന്റെ ഗ്രനേഡ് അക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഇടതു യോഗത്തില്‍ നേതാക്കള്‍ വൈകാരികമായി പ്രതികരിച്ചുവെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഹര്‍ത്താല്‍ നടത്തണമെന്ന അവശ്യം ഭൂരിപക്ഷം പേരും ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 22 മുതല്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം നടത്തും. സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യാഗ്രഹം ഇരിക്കാനും എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായി.
പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ശ്വാസ തടസം അനുഭവപ്പെട്ട വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദേഹത്തിന്റെ മുഖത്ത് നീരുണ്ട്. അലര്‍ജിയുണ്ടെന്നും എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഗ്രനേഡ് അക്രമണത്തില്‍ സിപിഐ നേതാവ് സി ദിവാകരനും പരുക്കേറ്റിരുന്നു.
യൂണിവേഴ്‌സിറ്റി കോളജിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും നിരവധി തവണ ലാത്തി വീശുകയും ചെയ്തു. പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിടെ പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഒരു പൊലീസുകാരനും നിരവധി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.