ക്യാബിനറ്റ് പദവിയോടുകൂടിയ ഉപദേശക സ്ഥാനവും എല്‍ ഡി എഫ് ചെയര്‍മാന്‍ പദവിയും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം എന്നിങ്ങനെയെഴുതിയ ഒരു കുറിപ്പ് വി എസ് അച്യുതാനന്ദന്‍ വായിക്കുന്നത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഈ കുറിപ്പ് പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയ ഓഫറല്ല, മറിച്ച് വി എസ് തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്‍കിയ കുറിപ്പാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം യെച്ചൂരി തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തല്‍ വി എസ് സ്ഥാനമോഹിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വ്യക്തം. വി എസിന്‍റെ കൈയിലിരിക്കുന്ന കുറിപ്പ് തയ്യാറാക്കി നല്‍കിയത് വി എസിന്‍റെ മകന്‍ അരുണ്‍ കുമാര്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അരുണ്‍കുമാര്‍ നല്‍കിയ കുറിപ്പ് തന്‍റെ ജുബ്ബയില്‍ സൂക്ഷിക്കുകയും അത് യെച്ചൂരിക്ക് വി എസ് കൈമാറുകയുമായിരുന്നു എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വി എസിനെ ക്യാബിനറ്റ് റാങ്കോടുകൂടിയ ഉപദേശകനാക്കാമെന്ന് സി പി എം അറിയിച്ചിരുന്നതായാണ് വിവരം. എന്നാല്‍ എല്‍ ഡി എഫ് ചെയര്‍മാനായി വി എസിനെ ഒരിക്കലും തീരുമാനിക്കുകയില്ല. കാരണം, മുഖ്യമന്ത്രി തന്നെയാണ് എല്‍ ഡി എഫ് ചെയര്‍മാന്‍. അത് വി എസിന് നല്‍കാന്‍ പാര്‍ട്ടി ഒരു കാരണത്താലും തയ്യാറാവുകയില്ല. മാത്രമല്ല, സി പി എം സംസ്ഥാന കമ്മിറ്റി അംഗമല്ലാത്ത വി എസ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം ആവശ്യപ്പെടുന്നതും കൌതുകകരമായ കാര്യമായാണ് ഏവരും വിലയിരുത്തുന്നത്.
വി എസിനെ ക്യാബിനറ്റ് റാങ്കോടുകൂടിയ ഉപദേശകനാക്കിയാല്‍, അത് ഡെപ്യൂട്ടി സ്പീക്കര്‍ക്കും താഴെയുള്ള ഒരു ആലങ്കാരിക പദവി മാത്രമായിരിക്കും. എന്നാല്‍ ഔദ്യോഗിക വാഹനവും വീടും പേഴ്സണല്‍ സ്റ്റാഫുമെല്ലാം ഉണ്ടായിരിക്കും. പക്ഷേ, ഉപദേശകന്‍റെ ഉപദേശങ്ങള്‍ മന്ത്രിസഭയോ മുഖ്യമന്ത്രിയോ ചെവിക്കൊള്ളണമെന്നില്ല.