പതിമൂന്നാം നമ്പര്‍ കാറിനെച്ചൊല്ലിയുള്ള വിവാദത്തിന് വിരാമം. ധനമന്ത്രി തോമസ് ഐസക്ക് ഈ കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കാരിലെ ആദ്യ വിവാദത്തിന് അന്ത്യമാകുന്നത്. അശുഭകരമെന്ന് വിശ്വസിക്കപ്പെടുന്ന പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് വിവാദമായിരുന്നു.
രണ്ട് ദിവസത്തിനകം പതിമൂന്നാം നമ്പര്‍ കാര്‍ സെക്രട്ടറിയേറ്റില്‍ ധനമന്ത്രിയുടെ ഓഫീസില്‍ എത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഒഴിവാക്കിയതിനാല്‍ പുതിയ കാര്‍ വാങ്ങിയാല്‍ മാത്രമെ പതിമൂന്നാം നമ്പര്‍ അനുവദിക്കാനും കഴിയൂ. കൂടാതെ മന്ത്രിമാര്‍ വാഴില്ലെന്ന് വിശ്വസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും തോമസ് ഐസക്ക് ഔദ്യോഗിക വസതിയായി തെരഞ്ഞെടുത്തു.
അതേസമയം പതിമൂന്നാം നമ്പരിനെചൊല്ലിയുളള വിവാദങ്ങള്‍ അനാവശ്യമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. പതിമൂന്നാം നമ്പര്‍ കാര്‍ വേണ്ടെന്ന് ഈ മന്ത്രിസഭയിലെ ആരും പറഞ്ഞിട്ടില്ല. തന്നോട് ഈ കാര്‍ ഏറ്റെടുക്കാന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ എംഎ ബേബിയായിരുന്നു പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്.