സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും ഫെബ്രുവരി 19ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചു.
രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചതാണിത്. രാഷ്ട്രീയത്തിന് അതിതമായി ജനങ്ങളെ ബാധിക്കുന്ന അഞ്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഒരു പരിഹാരവും കാണാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്ന് രൂപ നിരക്കില്‍ 25 കിലോ അരിയും എട്ട് രൂപ നിരക്കില്‍ അഞ്ച് കിലോ അരി എ.പി.എല്‍ കാര്‍ഡുടമകള്‍ക്കും നല്‍കിയിരുന്നു.
ഈ വിതരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഉടന്‍ പുനസ്ഥാപിക്കണം. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വില പിടിച്ചു നിര്‍ത്തുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ആവശ്യമായ തുക സബ്സിഡിയായി നല്‍കിയിരുന്നു.
ഈ സര്‍ക്കാര്‍ സബ്സിഡ് നല്‍കുന്നത് നിര്‍ത്തി. വിലക്കയറ്റം മൂലം സംസ്ഥാനത്ത് അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തില്‍ പ്രതിമാസം 500 രൂപയുടെ അധികച്ചെലവാണ് ഉണ്ടായിരിക്കുന്നത്. ഇത് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. കഴിഞ്ഞ സര്‍ക്കരിന്‍റെ കാലത്ത് 22 ഹര്‍ത്താലുകള്‍ പ്രതിപക്ഷം നടത്തിയിരുന്നു. എന്നാല്‍ വിലക്കയറ്റത്തിനെതിരെ ഒരു ഹര്‍ത്താല്‍ പോലും നടത്തിയില്ല.
അടിയന്തിരമായി 100 കോടി രൂപയെങ്കിലും സബ്സിഡിയായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കിയെങ്കില്‍ മാത്രമേ വിലക്കയറ്റം പിടിച്ച് നിര്‍ത്താനാകൂവെന്ന് പി.പി.തങ്കച്ചന്‍ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ആരോഗ്യ സുരക്ഷാപദ്ധതി ഉടന്‍ പുനസ്ഥാപിക്കണം.
സംസ്ഥാനത്ത് പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അതിനാല്‍ ഉടന്‍ തന്നെ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി വയോജന പെന്‍ഷന്‍ പദ്ധതി ഉടന്‍ കേരളത്തില്‍ നടപ്പാക്കണം. മറ്റ് സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കിയിട്ടും കേരളം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ പാവപ്പെട്ട 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിമാസം 400 രൂപ വീതം പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്.
ഈ ആവശ്യങ്ങള്‍ നേരത്തെ പ്രതിപക്ഷം പലപ്രാവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയാറാകുന്നില്ല. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ രീതിയില്‍ പ്രക്ഷോഭം നടത്തുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.