വിധി സ്വാഗതാര്‍ഹം - എം.എ ബേബി

വ്യാഴം, 10 ഏപ്രില്‍ 2008 (12:37 IST)
KBJWD
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടത്തക്കവിധം നിയമം കൊണ്ടു വരാന്‍ കേന്ദ്രം തയാറാകണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു. ക്രീ‍മിലെയര്‍ വിഭാഗത്തെ ഒഴിവാക്കികൊണ്ടുള്ള വിധിയെ നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു സംവിധാനം വേണമെന്ന ആവശ്യമായിരുന്നു ഇടതുമുന്നണിയുടേത്. വിധി വന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അണ്‍-എയ്ഡഡ് പ്രഫഷണല്‍ കോളജുകളില്‍ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇവിടെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും പഠിക്കാന്‍ സാധിക്കണം.

അതിനായി ഒരു ചെറിയ ശതമാനം സീറ്റെങ്കിലും ഉറപ്പാക്കാന്‍ ദേശീയ നിയമം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു. ചീഫ്‌ ജസ്റ്റീസ്‌ കെ.ജി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ്‌ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്‌.

പിന്നോക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ ഒഴിവാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. പിന്നോക്ക സംവരണങ്ങള്‍ക്കുള്ള മാനദണ്ഡം ജാതി മാത്രമാകരുതെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. സംവരംണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തൊണ്ണൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയ്ക്ക്‌ സാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക