വിക്കിലീക്സിന്‍റെ പിടിയില്‍ ബ്രിട്ടാസും!

ബുധന്‍, 31 ഓഗസ്റ്റ് 2011 (18:34 IST)
PRO
കൈരളി ചാനല്‍ മുന്‍ എം ഡിയും ഇപ്പോള്‍ ഏഷ്യാനെറ്റ് ബിസിനസ് ഹെഡ്ഡുമായ ജോണ്‍ ബ്രിട്ടാസിനെക്കുറിച്ചും വിക്കിലീക്സ് രേഖകള്‍. ജോണ്‍ ബ്രിട്ടാസുമായി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വി എസ് അച്യുതാനന്ദന്‍ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നും വി എസ് അടിമുടി വിഭാഗീയനാണെന്നും ബ്രിട്ടാസ് പറഞ്ഞതായാണ് രേഖകള്‍.

കൈരളി ടി വിയുടെ എം ഡിയായിരിക്കെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരും ജോണ്‍ ബ്രിട്ടാസും കൂടിക്കാഴ്ച നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വികസനത്തിന് മുന്‍‌തൂക്കം നല്‍കുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ്. കേരളത്തില്‍ കഴിവുള്ള മന്ത്രിമാരാണുള്ളത്. എന്നാല്‍ അടിമുടി വിഭാഗീയനായ വി എസിന് ഈ ടീമിനെ നയിക്കാന്‍ കഴിയില്ല. വി എസ് സ്വന്തമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് - ബ്രിട്ടാസ് പറഞ്ഞതായി രേഖകളില്‍ പറയുന്നു.

സി പി എമ്മിന്‍റെ കോട്ടയം സമ്മേളനത്തിന് മുമ്പായിരുന്നു ബ്രിട്ടാസും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച. കോട്ടയം സമ്മേളനം പിണറായി വിജയന്‍ പിടിച്ചെടുക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതായി രേഖകളിലുണ്ട്. സി പി എമ്മില്‍ പിണറായി വെല്ലുവിളികളില്ലാത്ത നേതാവായി മാറിയിരിക്കുകയാണ്. എന്നാല്‍ വി എസിന്‍റെ സമീപനം സി പി എമ്മിന്‍റെ നയത്തിനെതിരാണെന്നും ബ്രിട്ടാസ് പറഞ്ഞതായി രേഖകളിലുണ്ട്.

ചെന്നൈ കോണ്‍സുലേറ്റില്‍ നിന്ന് അമേരിക്കയിലേക്ക് അയച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ വി എസിനെതിരെ താന്‍ പറഞ്ഞതായുള്ള കാര്യങ്ങള്‍ തന്‍റെ അഭിപ്രായമല്ലെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. വിവിധ മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രതീതികളെക്കുറിച്ചാണ് താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നും ബ്രിട്ടാസ് വിശദീകരിക്കുന്നു.

ചിത്രത്തിന് കടപ്പാട് കൈരളി ടി വി

വെബ്ദുനിയ വായിക്കുക