വിഎസ് ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ല: ചെന്നിത്തല

ശനി, 14 ജനുവരി 2012 (12:09 IST)
PRO
PRO
ബന്ധുവിന് അനധികൃതമായി ഭൂമി നല്‍കിയെന്ന കേസില്‍ പ്രതിയായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗുരുതരമായ അഴിമതിയാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ കേസില്‍ നിന്ന് വി എസ് രക്ഷപ്പെടില്ലെന്നും ചെന്നിത്തല പറഞ്ഞു.

രാജിക്കാര്യത്തില്‍ വി എസ് മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കട്ടേയെന്നാണ് ചെന്നിത്തല പറഞ്ഞത്. അധികാരത്തില്‍ നിന്ന് അങ്ങനെയൊന്നും ഒഴിഞ്ഞുപോകുന്ന ആളല്ല വി എസ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട ആളാണ് വി എസ്. അന്ന് പോളിറ്റ് ബ്യൂറോയെ കുറ്റം പറഞ്ഞ വി എസ് ഇപ്പോള്‍ പോളിറ്റ് ബ്യൂറോയെ അഭയം പ്രാപിച്ചിരിക്കുകയാണ്. വിഎസിന്റെ കൂടുതല്‍ അഴിമതിക്കഥകള്‍ വരുംദിവസങ്ങളില്‍ പുറത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, അഴിമതിക്കെതിരെ പ്രസംഗിച്ച വി എസിന്റെ മൂടിയാണ് അഴിഞ്ഞു വീണത്. അച്യുതാനന്ദന്‍ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പിടിയില്‍ വീണു എന്നാണ് ഇവിടെ തെളിഞ്ഞിരിക്കുന്നത്. വി എസ് ജനങ്ങളോട് വിശദീകരണം നല്‍കണം. എഴുതിത്തയാറാക്കിയ മറുപടിയല്ല ജനങ്ങള്‍ക്ക് ആവശ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക