വരുന്നൂ...ലഹരി കടത്തുകാരേക്കുറിച്ച് വിവരം നല്‍‌കുന്നവര്‍ക്ക് 5 ശതമാനം കമ്മീഷന്‍; ഋഷിരാജ് സിങ് കളി തുടരുന്നു!

തിങ്കള്‍, 13 ജൂണ്‍ 2016 (19:47 IST)
ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണര്‍ സ്ഥാനം ഏറ്റെടുത്തതോടെ ചെക്ക് പോസ്റ്റുകളിലും മറ്റും പരിശോധന കര്‍ശനമായിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല ചെക്ക് പോസ്റ്റിലെ പൊലീസുകാര്‍ ജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഋഷിരാജ് സിങ് തന്നെ ഫീല്‍ഡില്‍ ഇറങ്ങിയിരിക്കുകയാണ്. 
 
കാട്ടാക്കടയിലെ കള്ളുഷാപ്പിലും കോവളത്തെ ബിയര്‍പാര്‍ലറിലും കമ്മിഷണര്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ മുന്‍‌കൂട്ടി അറിയിക്കാതെയായിരുന്നു പരിശോധന. ഋഷിരാജ് സിങിനെ സംബന്ധിച്ച് ഇതൊന്നും പുതിയ കാര്യമല്ല. എക്‌സൈസ് വകുപ്പില്‍ പുതിയ ചില പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഋഷിരാജ് സിങ്.
 
അതില്‍ ഏറ്റവും പ്രധാനമാണ് ലഹരി കടത്തുകാരെക്കുറിച്ച് വിവരം തരുന്നവര്‍ക്ക് പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ വിലയുടെ അഞ്ചുശതമാനം കമ്മിഷന്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന പ്രസ്താവന. മുന്‍പ് കെ എസ് ഇ ബിയില്‍ ചീഫ് വിജിലന്‍സ് ഓഫീസറായിരുന്നപ്പോൾ വൈദ്യുതി മോഷണത്തെക്കുറിച്ചു വിവരം തരുന്നവര്‍ക്ക് അഞ്ചു ശതമാനം കമ്മിഷന്‍ ഋഷിരാജ് സിങ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ലഹരി കടത്തുകാരേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും കമ്മീഷന്‍ നല്‍കാനാണ് ഋഷിരാജ് സിങ് ആലോചിക്കുന്നത്. നിര്‍ദേശത്തോട് എക്‌സൈസ് മന്ത്രിയും അനുകൂലമായാണ് പ്രതികരിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക