ലോക്‍സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 269 സ്ഥാനാര്‍ഥികള്‍
ബുധന്‍, 26 മാര്‍ച്ച് 2014 (20:42 IST)
PRO
PRO
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതോടെ മത്സരചിത്രം വ്യക്തമായി. 269 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 396 പേരാണ് നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ തിരുവനന്തപുരത്തും, കുറവ് മാവേലിക്കരയിലുമാണ്. തിരുവനന്തപുരത്ത് ഇരുപതും മാവേലിക്കരയില്‍ ഒന്‍പതും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍: പാലക്കാട്- 19, എറണാകുളം- 16, ഇടുക്കി- 16, ആറ്റിങ്ങല്‍- 16, പത്തനംതിട്ട- 16, കൊല്ലം- 15, ചാലക്കുടി- 15, വയനാട്- 15, തൃശൂര്‍- 14, കാസര്‍ഗോഡ്- 14, ആലപ്പുഴ-13, കോട്ടയം-13, കോഴിക്കോട്- 13, ആലത്തൂര്‍- 12, പൊന്നാനി- 11, വടകര- 11, കണ്ണൂര്‍- 11, മലപ്പുറം- 10. അപരന്‍മാരില്‍ മിക്കവരും പത്രിക പിന്‍വലിച്ചത് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും. മലപ്പുറത്ത് ഇ അഹമ്മദിനെതിരേ പത്രിക നല്‍കിയിരുന്ന ദാവൂദ് ജിയാഖാന്‍ പത്രിക പിന്‍വലിച്ചത് മുസ്ലിംലീഗിന് ആശ്വാസമായി.
ആലപ്പുഴയില്‍ സിബി ചന്ദ്രബാബുവിന്റെ അപരന്‍മാരില്‍ ഒരാളായ എം ചന്ദ്രബാബുവും തിരുവനന്തപുരത്ത് ഒ രാജഗോപാലിന്റെ അപരന്‍ ഇ രാജഗോപാലും വയനാട്ടില്‍ എംഎ ഷാനവാസിന്റെ അപരന്‍ ഷാനവാസും പത്രിക പിന്‍വലിച്ചവരുടെ കൂട്ടത്തിലുണ്ട്. അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു.