ലിപിയില്ലാത്ത ബ്യാരി ഭാഷയ്ക്ക് നിഘണ്ടു തയ്യാറായി. കാസര്‍കോടിന്റെ വടക്കേ അറ്റത്ത് ചന്ദ്രഗിരി മുതല്‍ കര്‍ണാടക ഉഡുപ്പി ജില്ലയിലെ ബാര്‍ക്കൂര്‍ വരെയുള്ള മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രത്യേക സമുദായമായ 'ബ്യാരി' കള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത സ്വതന്ത്ര ഭാഷയാണ് ബ്യാരി ഭാഷ.
ബ്യാരി ഭാഷാ നിഘണ്ടു പ്രസിദ്ധീകരിക്കുന്നത് കേരള ഫോക്ലോര് അക്കാദമിയാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാള വിഭാഗം തലവനും കാമ്പസ് ഡയറക്ടറുമായ ഡോ എ എം ശ്രീധരനാണ് ഇത് തയ്യാറാക്കിയത്. അറബി, കന്നഡ, തുളു, കൊടവ, മലയാളം തുടങ്ങിയ ഭാഷകളെയും സംസ്കാരത്തെയും ഉള്‍ക്കൊണ്ട മിശ്ര സംസ്കാരത്തിന്റെ വാക്കുകളാണ് നിഘണ്ടുവില്‍ പരിചയപ്പെടുത്തുന്നത്.
361 പേജുകളിലായി ബ്യാരി ഭാഷയിലെ പതിനാറായിരം വാക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഘണ്ടു നിര്‍മിച്ച് മൂന്നുവര്‍ഷമായിട്ടും എ എം ശ്രീധരന് അത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് ഫോക്ലോര് അക്കാദമി ഒരു സാംസ്കാരിക ദൗത്യമായി നിഘണ്ടു ഏറ്റെടുത്തു.
ബ്യാരി ഭാഷയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന സാംസ്കാരിക മന്ത്രിയുടെ ഉറപ്പും നിഘണ്ടു പ്രസിദ്ധീകരിക്കാന്‍ ഇവര്‍ക്ക് പിന്‍ബലമായി. ഈ മാസം തന്നെ ബ്യാരി ഭാഷയിലെ നിഘണ്ടു പ്രസിദ്ധീകരിക്കുമെന്നാണ് കേരള ഫോക്ലോര് അക്കാദമി അറിയിച്ചത്.
കച്ചവടം നടത്താന്‍ കടല്‍കടന്നെത്തിയ അറബികള്‍ കേരളീയ സ്ത്രീകളെ വിവാഹംചെയ്ത് കാസര്‍കോട്ട് താമസമാക്കി. ഇവരിലുണ്ടായ സന്തതിപരമ്പരകളെ വ്യാപാരികളെന്ന് വിളിച്ചു. പിന്നീട് അത് ലോപിച്ച് ബ്യാരിയെന്നും അറിയപ്പെട്ടു.