ലാവ്‌ലിന്‍: ധാരണാപത്രം യുഡി‌എഫ് പുതുക്കിയില്ല

ബുധന്‍, 18 ഫെബ്രുവരി 2009 (11:00 IST)
WD
ലാവ്‌ലിനുമായി എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രം പിന്നീട് വന്ന യുഡി‌എഫ് സര്‍ക്കാര്‍ പുതുക്കാത്തതാണ് മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടാന്‍ കാരണമെന്ന് സിപി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഫണ്ട് നഷ്ടമായത് കടവൂര്‍ ശിവദാസന്‍ മന്ത്രിയായിരുന്ന കാലത്താണെന്നും പിണറായി വ്യക്തമാക്കി. കെ‌എസ്‌ഇബിയെ സ്വകാര്യവത്കരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണത്തിന് പിണറായി തയ്യാറായില്ല. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് പോകാന്‍ വലിയ താല്പര്യം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കം 1991ലെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന്‍റെ തുടര്‍ച്ചയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൊച്ചി തുറമുഖം സ്വകാര്യവത്‌കരിക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാര്‍ ഈ നീക്കം ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു. നവകേരള യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പിണറായി.

വെബ്ദുനിയ വായിക്കുക