ലാവ്‌ലിന്‍: കാര്‍ത്തികേയനെ സിബിഐ ചോദ്യം ചെയ്‌തു

വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (12:28 IST)
PRO
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനെ സി ബി ഐ ചോദ്യം ചെയ്‌തു. ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്‌തത്. കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി ബി ഐ പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ത്തികേയനെ സിബിഐ ചോദ്യം ചെയ്‌തത്.

ഈ മാസം പതിനൊന്നാം തീയതി കോഴിക്കോട് വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂര്‍ നേരത്തോളം അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കാര്‍ത്തികേയനെ ചോദ്യം ചെയ്‌തു. ഇത് രണ്ടാം തവണയാണ് കാര്‍ത്തികേയനെ ലാവ്‌ലിന്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യുന്നത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഡലോചനയുടെ സ്ഥാപകന്‍ എന്നാണ് കാര്‍ത്തികേയനെ വിശേഷിപ്പിച്ചിരുന്നത്. കുറ്റപത്രത്തില്‍ ഇങ്ങനെയൊരു വിശേഷണം കാര്‍ത്തികേയന് ഉണ്ടായിട്ടും പ്രതിപട്ടികയില്‍ അദ്ദേഹത്തെ സിബിഐ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ സിബിഐ പ്രത്യേക കോടതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.

താന്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുക മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നും പിന്നീടുള്ളത് ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് നടന്നതാണെന്നും ചോദ്യം ചെയ്യലില്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ലാവ്‌ലിനുമായി ബന്ധപ്പെട്ട ബാക്കി ഇടപടുകളില്‍ തനിക്ക് പങ്കില്ല. പരിണിതഫലങ്ങള്‍ നോക്കി പിന്നീട് വേണമെങ്കില്‍ കരാര്‍ ഇടതുമുന്നണി സര്‍ക്കാരിന് റദ്ദു ചെയ്യാമായിരുന്നു. യാതൊരുവിധ കര്‍ശന ഉപാധികളും കരാറില്‍ ഇല്ലായിരുന്നുവെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. കരാര്‍ പിന്നീട് കോണ്‍ട്രാക്‌റ്റ് ആക്കിയത് പിണറായി ആണെന്നും ചോദ്യം ചെയ്യലില്‍ കാര്‍ത്തികേയന്‍ പറഞ്ഞു.

കാര്‍ത്തികേയനെ ചോദ്യം ചെയ്‌തത് സംബന്ധിച്ച് അടുത്ത ആഴ്‌ച സിബിഐ പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, ചോദ്യം ചെയ്യല്‍ വഴി കാര്‍ത്തികേയനില്‍ നിന്ന് ആവശ്യമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്‌തമല്ല.

വെബ്ദുനിയ വായിക്കുക