അധികാരമുപയോഗിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ വൈകിപ്പിക്കുകയും അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ മുഖ്യപ്രതിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് വൈകുന്നതിനെതിരെ ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് നടപടിയെടുക്കണമെന്ന ആവശ്യവുമായി ഗവര്‍ണറെ കാണാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
യു ഡി എഫ് നേതാക്കളോടൊപ്പമാണ് ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസഹായനായതിനാലാണ് സംസ്ഥാനത്തിന്‍റെ പരമാധികാരിയായ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി വൈകുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. സത്യാവസ്ഥ അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. ഇക്കാര്യം ഗവര്‍ണറെ ബോധിപ്പിച്ചു. കേസില്‍ നിയമോപദേശം നല്‍കുന്നതിനായി മൂന്ന് ആഴ്ചത്തെ സമയമായിരുന്നു അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആ സമയം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും സ്വീകരിക്കാതിരുന്നപ്പോള്‍ ഞങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. അപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും സ്വീകരിച്ചത്. എന്നാല്‍ അതിനുശേഷവും നടപടികള്‍ ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിസഹായനാണെന്ന് തിരിച്ചറിഞ്ഞാണ് ഞങ്ങള്‍ ഗവര്‍ണറെ സമീപിച്ചത് - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനോട് അവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആദ്യം നല്‍കിയ രേഖകള്‍ മതിയാകില്ല എന്നതിനാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് എ ജി ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ടത്.