റെയ്ഹാനയ്ക്ക്‌ സംരക്ഷണം നല്‍‌കണമെന്ന് കോടതി

ബുധന്‍, 23 മാര്‍ച്ച് 2011 (08:47 IST)
PRO
PRO
പര്‍ദ്ദയും മഖനയും ധരിക്കാത്തതിന്റെ പേരിലും ജീന്‍സും ടോപ്പും ധരിച്ചതിന്റെ പേരിലും മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന കാസര്‍കോട്‌ സ്വദേശിനി റെയ്ഹാന ആര്‍ ഖാസിമിന് പൊലീസ് സംരക്ഷണം നല്‍‌കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മതപരമായ വസ്ത്രധാരണം നടത്തുന്നില്ലെന്ന കാരണത്താല്‍ വധഭീഷണി നിലനില്‍ക്കുന്നുവെന്ന് കാണിച്ച്‌ റെയ്ഹാന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇങ്ങിനെ ഉത്തരവിട്ടത്.

റെയ്ഹാനയ്ക്ക്‌ എതിരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട്‌ നാലുപേര്‍ക്കെതിരേ പൊലീസ്കേസെടുത്തിരുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി പോലിസ്‌ സംരക്ഷണം അനുവദിച്ചു. പിന്നീട്‌ നടന്ന അന്വേഷണത്തില്‍ റെയ്ഹാനയുടെ വാദം ശരിയാണെന്ന ബോധ്യപ്പെട്ടതിനാല്‍ തുടര്‍ന്നും പോലിസ്‌ സംരക്ഷണം നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍ ബസന്തും സുരേന്ദ്രമോഹനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു.

പര്‍ദ്ദയും മഖനയും ധരിച്ചുമാത്രമേ റെയ്ഹാന വീടിന് പുറത്തുവരാന്‍ പാടുകയുള്ളൂ എന്നായിരുന്നു ചില മത മൗലിക വാദികള്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് റെയ്ഹാനയ്ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ബേവിഞ്ചയിലെ ഖാസി പരമ്പരയില്‍പെട്ട അബ്ദുള്‍റഹ്മാന്‍ ഖാസിയുടേയും സുഹറാ റഹ്മാന്റേയും അഞ്ച് മക്കളില്‍ മൂത്തവളാണ് റെയ്ഹാന. ചെന്നൈയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലില്‍ നിന്നും എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തിട്ടുണ്ട് റെയ്ഹാന.

"ബന്ധുക്കളില്‍ ചിലരാണ് ആദ്യം പര്‍ദ ധരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് കത്തിലൂടെയും ഫോണിലൂടെയും ഈ ആവശ്യവുമായി ഭീഷണികള്‍ വന്ന് തുടങ്ങി. അവിവാഹിതയായ തന്നെ മറ്റൊരാളുടെ പേരുമായി ചേര്‍ത്ത് വ്യാജ ആരോപണം ഉന്നയിക്കുകയും ചെയതു. സഭ്യമായ വേഷമാണ് താന്‍ ധരിക്കുന്നത്. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്."

“പൊലീസില്‍ പരാതി നല്‍‌കിയപ്പോള്‍ ‘നീ എന്തിനാണ് ജീന്‍സും ടോപ്പും ധരിക്കുന്നത്? സമൂഹത്തിനോട് മാപ്പ് ചോദിച്ച് അവര്‍ പറയുന്നതു പോലെ വസ്ത്രം ധരിച്ചുകൂടെ?’ എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചത്. തികച്ചും മതം അനുശാസിക്കുന്ന രീതിയിലാണ് താന്‍ ജീവിക്കുന്നത്. എന്നിട്ടും ഇത്രയ്ക്ക് എതിര്‍പ്പു നേരിടേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല” - റെയ്ഹാന പറയുന്നു.

വെബ്ദുനിയ വായിക്കുക