റിയാന നാടകത്തില്‍ ഷാഹിദ കമാലിനും പങ്ക്?

ശനി, 16 ജനുവരി 2010 (16:26 IST)
PRO
PRO
സ്കുള്‍ വിദ്യാര്‍ത്ഥിനി റിയാനയുടെ തിരോധാനവും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളിലും മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന് പങ്കുള്ളതായി ആരോപണം. റിയാനയുടെ മാതൃസഹോദരി സാഹിറയും സമരസമിതി നേതാക്കളുമാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.

ഷാഹിദാ കമാല്‍ അടിക്കടി സന്ദര്‍ശിക്കാറുള്ള പത്തനാപുരത്തെ ഗാന്ധിഭവന്‍ എന്ന അനാഥാലയത്തിലാണ് റിയാനയെ എട്ടു മാസത്തിന് ശേഷം കണ്ടെത്തിയത്. ഷാഹിദയും ഈ അനാഥാലയം നടത്തിപ്പുകാരും തമ്മിലുള്ള ബന്ധമാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷാ‍ഹിദയെ റിയാനയ്ക്ക് മനസിലായിരുന്നെങ്കിലും കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നാണ് അനാഥാലയം അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം.

ഒടുവില്‍ കുട്ടിയെ തിരിച്ചറിഞ്ഞ വിവരമറിഞ്ഞ് അനാഥാലയത്തിലെത്തിയ ഷാഹിദയെ ചൂണ്ടി ഈ ആന്‍റിയെ മോള്‍ക്കറിയാമോ എന്ന് ചോദിച്ചപ്പോള്‍ അറിയാമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോസ്റ്റര്‍ കണ്ടിട്ടുണ്ടെന്നും റിയാന പറഞ്ഞതായും അനാഥാലയം അധികൃതര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അനാഥാലയത്തില്‍ വെച്ച് ഷാഹിദയെ കണ്ടപ്പോള്‍ ആ തട്ടമിട്ട സ്ത്രീയെ സൂക്ഷിക്കണമെന്ന് റിയാന പറഞ്ഞതായാണ് ബന്ധുക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഷാഹിദ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പേരില്‍ ഗാന്ധിഭവന്‍ സെക്രട്ടറി സോമരാജ് ഒരു മാസത്തോളം കാസര്‍ഗോഡ് തങ്ങിയിരുന്നതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ കണ്ടെത്തി അനാഥാലയത്തില്‍ ഏല്‍‌പിച്ചു എന്നു പറയുന്ന എസ്‌ഐ ഇപ്പോള്‍ എവിടെ ജോലി ചെയ്യുന്നുവെന്നുപോലും വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ കാണിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഏത് ഡോക്ടറെയാണ് കാണിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം റിയാനയെ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനസീകമായി അസ്വസ്ഥത പ്രകടിപ്പിക്കുന്ന നിലയിലായിരുന്നു കുട്ടിയെ ഗാന്ധിഭവനില്‍ നിന്ന് കണ്ടെത്തിയത്. ആരെയൊക്കെയോ ഭയക്കുന്ന പോലെയാണ് റിയാനയുടെ പെരുമാറ്റവും. അലക്സി, മാലിക് എന്നീ രണ്ടുപേരുകള്‍ റിയാന ഭയത്തോടെ സദാസമയവും ഉരുവിടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഷാഹിദയെ കണ്ട് പേടിച്ച് റിയാന പറഞ്ഞ വാക്കുകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് ബന്ധുക്കളും സമരസമിതി നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

വെബ്ദുനിയ വായിക്കുക