രാഹുല്‍ ഗാന്ധി ആലുവയില്‍

വെള്ളി, 21 ജനുവരി 2011 (12:35 IST)
PRO
എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് ആലുവയിലെത്തി. രാവിലെ 9.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം 11 മണിയോടെ കാര്‍മാര്‍ഗം യോഗസ്ഥലമായ എടത്തല ശാന്തിഗിരി ആശ്രമത്തിലെത്തി.

മൂന്ന് ദിവസം നീണ്ട് നിന്ന യോഗത്തിന്‍റെ സമാപന ദിവസമാണിന്ന്. ഉച്ചവരെ യോഗം നീണ്ടുനില്‍ക്കും. രാഷ്ട്രീയ പ്രമേയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് രാഹുലിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.

രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു പൊലീസ്‌ സുരക്ഷ കര്‍ശനമാക്കി. സമ്മേളന സ്ഥലവും പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലവും എസ് പി ജിയുടെ നിയന്ത്രണത്തിലാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്‌, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ പ്രസിഡന്റുമാര്‍ പ്രത്യകം ചര്‍ച്ച നടത്തി വരുംമാസങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്‌തു. യൂത്ത്‌ കോണ്‍ഗ്രസ്‌ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനങ്ങളെ മാതൃകയാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കര്‍മപദ്ധതി രൂപീകരിക്കാനും തീരുമാനമുണ്ട്‌.

സംസ്ഥാന പ്രസിഡന്റുമാര്‍ ഭാവി കര്‍മപരിപാടികള്‍ രാഹുല്‍ഗാന്ധിയുടെ മുമ്പാകെ അവതരിപ്പിക്കും. 4.30ന് യോഗശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും.

വെബ്ദുനിയ വായിക്കുക