രാസവസ്തുക്കളിട്ട മത്സ്യത്തിന് വിട, ശുദ്ധമായ ഐസ് ഇട്ട നല്ല മത്സ്യം വരുന്നു!
വ്യാഴം, 14 നവംബര്‍ 2013 (19:39 IST)
PRO
മത്സ്യം കേടാകാതിരിക്കാന്‍ രാസ വസ്തുതകള്‍ ചേര്‍ക്കേണ്ടി വരുന്നത് ഒഴിവാക്കി ശുദ്ധമായ ഐസ് ഇട്ട നല്ല മത്സ്യം കമ്പോളത്തില്‍ ലഭ്യമാക്കാന്‍ നടപടിയായതായി മന്ത്രി കെ ബാബു പറഞ്ഞു. മത്സ്യം എത്തിക്കാന്‍ മത്സ്യ വിപണന തൊഴിലാളികള്‍ക്ക് കൂടുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടപ്പാക്കുന്ന ഫ്രഷ് ഫിഷ് ടു ആള്‍ പദ്ധതിയില്‍ മത്സ്യ വിപണനതൊഴിലാളികള്‍ക്ക് 16 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ. അന്‍സജിത റസ്സല്‍ അധ്യക്ഷത വഹിച്ചു. മത്സ്യം കേടുകൂടാതെ എത്തിക്കുന്നതിന് തീരദേശ വികസന കോര്‍പ്പറേഷന്‍ നാല് കോടിയുടെ പദ്ധതി തയ്യാറാക്കിയതില്‍ ആറു ട്രക്കുകള്‍, 130 ഇരുചക്ര വാഹനങ്ങള എന്നിവ വിതരണം ചെയ്തു.
100 മോട്ടോര്‍സൈക്കിള്‍, 200 ഓട്ടോറിക്ഷകള്‍, 50 ട്രക്കുകള്‍ എന്നിവ കൂടി വിതരണം ചെയ്യും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഐസുകള്‍ കൂടുതല്‍ ശുദ്ധിയുളളതാക്കുന്നതിന് 20 കോടിയുടെ പദ്ധതി നടപ്പാക്കും, ഇതിനായി ഏജന്‍സികളെ ക്ഷണിച്ച് എം പാനല്‍ ചെയ്തിട്ടുണ്ട്. ഐസ് നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നല്‍കുന്നതിന്റെ ഭാഗമായി സ്ഥലമുളളവര്‍ക്ക് 10,000 വീടുകള്‍ കൂടി അനുവദിക്കുമെന്നും സ്ഥലമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി ഡോ. കെ അമ്പാടി, കെ എ എല്‍ എംഡി ഇ അബ്ദുള്‍ ലത്തീഫ്, നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.