രാജ്യസഭ: സീറ്റിനായി ലീഗ് രംഗത്ത്

ചൊവ്വ, 23 ഫെബ്രുവരി 2010 (14:59 IST)
PRO
ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. സംസ്ഥാനത്തു നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകള്‍ അടക്കം 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 26നാണ് നടക്കുന്നത്. നാളെ ചേരുന്ന യു ഡി എഫ് നേതൃയോഗത്തില്‍ ലീഗ് രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്.

നിലവില്‍ രണ്ടു യു ഡി എഫ് പ്രതിനിധികളും ഒരു എല്‍ ഡി എഫ് പ്രതിനിധിയുമാണ് സ്ഥാനമൊഴിയുന്നത്. പക്ഷേ നിയമസഭയിലെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് എല്‍ ഡി എഫ് പ്രതിനിധികളും ഒരു യു ഡി എഫ് പ്രതിനിധിയുമായിരിക്കും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക.

നിലവില്‍ കേന്ദ്രമന്ത്രിയായ എ കെ ആന്‍റണിയും പി എ അബ്ദുള്‍ വഹാബുമാണ് കാലാവധി കഴിയുന്ന യു ഡി എഫ് അംഗങ്ങള്‍. കേന്ദ്രമന്ത്രിയായതിനാല്‍ എ കെ ആന്‍റണി തന്നെയായിരിക്കും യു ഡി എഫില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്ന സൂചനകളുണ്ടായിരുന്നു. ആന്‍റണിയായതിനാല്‍ എതിര്‍പ്പു വരില്ലെന്നുമായിരുന്നു പ്രതീക്ഷ.

എന്നാല്‍ ലീഗിന് ഇതുവരെ രാജ്യസഭയില്‍ അംഗങ്ങളില്ലാതെ വന്നിട്ടില്ലെന്നും അതിനാല്‍ ലീഗിന് സീറ്റു വേണമെന്നുമാണ് ആവശ്യം. ആന്‍റണി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതില്‍ സന്തോഷമേ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന ലീഗ് ആന്‍റണിയെ വീണ്ടും തെരഞ്ഞെടുക്കുകയാണെങ്കില്‍ പകരം എന്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക