രശ്മി വധം: വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

തിങ്കള്‍, 20 ജനുവരി 2014 (13:05 IST)
PRO
PRO
സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിവച്ചത്.

അമിതമായി മദ്യം നല്‍കിയും ശ്വാസംമുട്ടിച്ചും ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ കൊലപ്പെടുത്തി എന്നാണ് കേസ്. ബിജുവിന്റെ അമ്മ രാജമ്മാളും കേസില്‍ പ്രതിയാണ്. ബിജു - രശ്മി ദമ്പതികളുടെ മൂത്ത മകന്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമാണ്. അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നത് കണ്ടുഎന്നും നിര്‍ബന്ധിച്ച് എന്തോ ഒരു ദ്രാവകം കൊടുക്കുന്നതും കണ്ടു എന്നുമാണ് മകന്റെ മൊഴി.

രശ്മിയുടെ രക്തത്തില്‍ 120.75 മില്ലി ലീറ്റര്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തിന്റെ വ്യക്തമായി. തലയണപോലുള്ള എന്തോ വസ്തു ഉപയോഗിച്ചു ശ്വാസതടസ്സം ഉണ്ടാക്കിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

2006 ഫെബ്രുവരി നാലിനാണു കേസിനാസ്പദമാ‍യ സംഭവം. രശ്മിയെ മരിച്ച നിലയില്‍ ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. 2013 മേയ് 22നു ക്രൈംബ്രാഞ്ച് ബിജുവിനും രാജമ്മാളിനും എതിരെ കൊലക്കുറ്റം ചുമത്തി. എന്നാല്‍ ബിജുവിനെ പിടികൂടാനായില്ല. പിന്നീട് സോളാര്‍ തട്ടിപ്പ് പുറത്തുവന്ന ശേഷമാണ് ബിജുവിനെ കോയമ്പത്തൂരില്‍ നിന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 16നു ആയിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക