രജനിയുടെ മരണത്തില്‍ എസ്.എഫ്.ഐക്ക് പങ്ക് - യുവമോര്‍ച്ച

തിങ്കള്‍, 9 ജൂണ്‍ 2008 (12:40 IST)
എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന രജനി എസ്‌ ആനന്ദിന്‍റെ ആത്മഹത്യയ്ക്ക് ഒരു എസ്.എഫ്.ഐ നേതാവിന് പങ്കുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഈ ആരോപണം ഉന്നയിച്ചത്. രജനിയുടെ മരണത്തില്‍ ഒരു എസ്‌.എഫ്‌.ഐയുടെ പ്രധാനപ്പെട്ട നേതാവിനു പങ്കുണ്ട്‌. മരണത്തെ കുറിച്ച് അന്വേഷിച്ച ഖാലിദ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശം ഉണ്ട്.

ഇത് മറച്ച് വയ്ക്കാനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇത് പൂഴ്ത്തിവച്ചിരിക്കുന്നത്. ഇതേ കുറിച്ച്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും എസ്‌.എഫ്‌.ഐയും തയാറാകണം. എസ്.എഫ്.ഐ നേതാവ് രാജേഷിനും ഡി.വൈ.എഫ്.ഐ നേതാവ് ശ്രീരാമകൃഷ്ണനും ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയാം.

ഇവരുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്. റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. നേതാവിന്‍റെ പേര് സുരേന്ദ്രന്‍ വെളിപ്പെടുത്തിയില്ല. 2004 ജനുവരി 22നായിരുന്നു അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജിലെ എന്‍‌ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രജനി ആത്മഹത്യ ചെയ്തത്.

ബാങ്കില്‍ നിന്നും വിദ്യാഭ്യാസ വായ്പ് ലഭിക്കാത്തതില്‍ മനംനൊന്ത് രജനി ഹൌസിംഗ് ബോര്‍ഡ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് ഇടതുപക്ഷ സംഘടനകള്‍ വന്‍ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഖാലിദ് കമ്മിഷനെ നിയോഗിക്കുകയായിരുന്നു.

ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക