രക്ഷയില്ല...അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം തിരിച്ച് നല്‍കാന്‍ കള്ളന്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു

ബുധന്‍, 24 മെയ് 2017 (10:28 IST)
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ നവരത്നം പതിച്ച തിരുവാഭരണ മാലയും പതക്കവും തിരിച്ചു കിട്ടി. കാണിക്കവഞ്ചികളില്‍ നിക്ഷേപിച്ച നിലയിലായിരുന്നു കണ്ടത്. ഉച്ചയ്ക്ക് 2.30 നു ഗുരുവായൂരപ്പന്‍ നടയ്ക്ക് സമീപത്തെ കാണിക്കവഞ്ചിയില്‍ നിന്നു മാലയും വൈകിട്ട് നാലിന് ഗണപതികോവിലിന് മുന്നിലുള്ള കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും ലഭിച്ചു. ഇവ രണ്ടു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലാണ്  കണ്ടെടുത്തത്.
 
തിരുവാഭരണ മാലയും പതക്കവും കാണാതായതിന് പിറ്റേന്നടക്കം രണ്ടു തവണ ക്ഷേത്രത്തിലെ മുഴുവന്‍ കാണിക്കവഞ്ചികളും തുറന്നുപരിശോധിച്ചിരുന്നു. കുടാതെ ക്ഷേത്ത്രിലെ പാല്‍പ്പായസക്കിണര്‍ വറ്റിച്ച് നോക്കിയിട്ടും രക്ഷയുണ്ടായില്ല. കാണാതായ സ്വര്‍ണ്ണപ്പതക്കം കിണറ്റിലോ കുളത്തിലോ ഇട്ടിരിക്കാം എന്ന സംശയം നിലനില്‍ക്കുന്നത് കൊണ്ടാണ് നാലര അടി ആഴമുള്ള കിണര്‍ വറ്റിച്ചത്. 
 
പൊലീസ് അന്വേഷണം ശക്തമായതോടെ മോഷ്ടാവ് ആഭരണങ്ങള്‍ കാണിക്കവഞ്ചിയിലിട്ടതാണെന്നു കരുതുന്നു. പതക്കം ഒടിഞ്ഞ നിലയിലായിരുന്നു. മരതകവും പവിഴവും പതിച്ച മാല ഉരുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. കാണാതായ ആഭരണങ്ങള്‍ തന്നെയാണ് ഇവയെന്ന് ക്ഷേത്രം മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് അധികൃതര്‍ എന്നിവരെത്തി തിരിച്ചറിഞ്ഞു. ക്രൈംബ്രാഞ്ചും ദേവസ്വം വിജിലന്‍സും ശക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവാഭരണങ്ങള്‍ നാടകീയമായി തിരിച്ചുകിട്ടിയത്.

വെബ്ദുനിയ വായിക്കുക