യോഗ സെന്ററിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപ്: വാര്‍ത്ത സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് വി എം സുധീരന്‍; സര്‍ക്കാര്‍ കുറ്റകരമായ മൗനം ഉപേക്ഷിക്കണമെന്നും ആവശ്യം

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (11:10 IST)
മിശ്ര വിവാഹം കഴിച്ചതിന്റെ പേരില്‍ തൃപ്പൂണിത്തുറയിലെ കുണ്ടനാട് യോഗ സെന്ററില്‍ യുവതി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം നടക്കുന്നതിന് സമാനമായ കാര്യങ്ങളാണ് തൃപ്പൂണിത്തറയിലെ യോഗ കേന്ദ്രത്തില്‍ നടക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം വെടിഞ്ഞ് അടിയന്തിരമായി ഇടപെടണമെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.  
 
അതേസമയം, പുറത്തുവന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നതാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും ടിഎം സീമ എംഎല്‍എ അറിയിച്ചു. തൃപ്പൂണിത്തറ കണ്ടനാടുള്ള യോഗ കേന്ദ്രത്തിന്റെ പേരില്‍ ഘര്‍ വാപസി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മീഡിയവണ്‍ ചാനലിലാണ് യുവതി വെളിപ്പെടുത്തിയത്. 
 
ഈ സ്ഥപനത്തില്‍ മതം മാറിയവരെയും മിശ്രവിവാഹിതരെയും ക്രൂരമായി പീഡിപ്പിക്കുന്നതായും തൃശൂര്‍ സ്വദേശിനിയായ യുവതി വെളിപ്പെടുത്തിയിരുന്നു. ശിവശക്തി എന്ന പേരിലാണ് തൃപ്പൂണിത്തറ കണ്ടനാട് ഈ യോഗാ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍