പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കുട്ടനാട്ടില്‍ ഷോ കാണിക്കുകയായിരുന്നുവെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
നെല്‍ പാടങ്ങള്‍ നികത്തി ഭൂ മാഫിയയ്ക്ക് മറിച്ചു വിറ്റ യു.ഡി.എഫ് നേതാക്കളാണ് സമരം ചെയ്യാന്‍ വന്നതെന്നും അദ്ദേഹം ആരോപിച്ചു. വേനല്‍ മഴയില്‍ കൃഷിനാശം സംഭവിച്ച കുട്ടനാട് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. യന്ത്രം ഉപയോഗിച്ച് ഒരു മണി നെല്ലു പോലും കൊയ്യാന്‍ യു.ഡി.എഫ് നേതാക്കള്‍ക്കായില്ല.
ഇതിന് അവര്‍ കര്‍ഷകരോടും കേരളത്തോടും മാപ്പു പറയണം. യന്ത്രം ഇറക്കിയാല്‍ മാത്രം പോര നെല്ല് കൊയ്യുകയും വേണം. ഷോയല്ല ഇവിടെ ആവശ്യം. യു.ഡി.എഫ് നടത്തിയ കൊയ്‌ത്തു നാടകം കര്‍ഷക വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതൃത്വത്തില്‍ കുട്ടനാട്ടില്‍ പ്രതീകാത്മകമായി കൊയ്ത്ത് യന്ത്രം ഇറക്കിയിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കൃഷിനശിച്ചതില്‍ കര്‍ഷകര്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും തുല്യ പങ്കാണുള്ളത്. കുട്ടനാട്ടിലെ ഒരു മണിനെല്ലു പോലും പാഴാക്കാതെ സര്‍ക്കാര്‍ ശേഖരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കുട്ടനാട്ടില്‍ കൊയ്‌ത്തുയന്ത്രം വാങ്ങാന്‍ സഹകരണ വകുപ്പു പഞ്ചായത്തുകള്‍ക്ക് ലോണ്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.