യു ഡി എഫിന്റെ തുരപ്പൻ ഭരണം വിലയിരുത്തി ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: സുരേഷ് ഗോപി

ചൊവ്വ, 29 മാര്‍ച്ച് 2016 (12:46 IST)
യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനുമായ സുരേഷ് ഗോപി. യു ഡി എഫിന്റേത് തുരപ്പൻ ഭരണമാണ്. തെരഞ്ഞെടുപ്പില്‍ ഭരണം വിലയിരുത്തി ജനം പകതീർക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി ജെ പിയുടെ പാലക്കാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു വ്യക്തമാക്കിയതിനാൽ സുരേഷ് ഗോപിയെ താരപ്രചാരകനാക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ 40 മണ്ഡലങ്ങളിൽ സുരേഷ് ഗോപി പ്രചാരണത്തിനെത്തും. ഇതിനായി അഞ്ചു ദിവസം നല്‍കുമെന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. ഇതിനായി അദ്ദേഹത്തിനു ഹെലികോപ്റ്റർ നൽകും. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന പ്രചാരണ വേദികളിലും സുരേഷ് ഗോപിക്ക് ഇരിപ്പിടമുണ്ടാകും.

വെബ്ദുനിയ വായിക്കുക