യുവാവിന്റെ മലദ്വാരത്തില്‍ കംപ്രസീവ് എയര്‍പൈപ്പ് ഉപയോഗിച്ച് കാറ്റടിച്ച് കൊന്ന കേസ്: പ്രതികളെ കോടതി വെറുതെവിട്ടു

വ്യാഴം, 23 ജൂണ്‍ 2016 (15:36 IST)
കാര്‍ സര്‍വിസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകനെ മലദ്വാരത്തില്‍ യന്ത്രമുപയോഗിച്ച് കാറ്റടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ബിഹാര്‍ സ്വദേശികളും പ്രതികളുമായ രഞ്ജന്‍ കുമാര്‍, സോനു എന്ന സുനന്ദര്‍, പങ്കജ് എന്നിവര്‍ക്കെതിരെ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിച്ചു. തുടര്‍ന്നാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി സാനു പണിക്കര്‍ ഇവരെ വെറുതെവിട്ടത്. 
 
2012 ഒക്ടോബര്‍19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കെ വി അബ്ദുറഹിമാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കാര്‍ വാഷിങ്ങ് സര്‍വിസ് സ്റ്റേഷനില്‍ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിമും സഹപ്രവര്‍ത്തകരും. സംഭവ ദിവസം ഉച്ചക്ക് വെറുതെ ഇരിക്കുകയായിരുന്ന പ്രതികളോട് ഇബ്രാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍ ക്ഷുഭിതരായതിനെ തുടര്‍ന്ന് മൂന്നുപേരുംകൂടി സര്‍വിസ് സ്റ്റേഷനിലെ കംപ്രസീവ് എയര്‍പൈപ്പ് ഉപയോഗിച്ച് ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ കാറ്റ് അടിച്ചുകയറ്റുകയായിരുന്നു.
 
തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇബ്രാഹിം ഒക്ടോബര്‍ 26നാണ് മരിച്ചത്. തുടര്‍ന്നായിരുന്നു പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഇ ലോഹിതാക്ഷന്‍, കെ കുമാരന്‍ നായര്‍ എന്നിവരുമാണ് കോടതിയില്‍ ഹാജരായത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക