യുഡി‌എഫിന്റെ വിജയം സുനിശ്ചിതമെന്ന് മാണി; നേതാക്കള്‍ സംയമനം പാലിക്കണമെന്ന് സുധീരന്‍

ശനി, 12 ഏപ്രില്‍ 2014 (20:06 IST)
PRO
PRO
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫിന്റെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്‌ചിതമാണെന്ന്‌ കെ എം മാണി. പാര്‍ട്ടി നേതാവും ചീഫ്‌ വിപ്പുമായ പി സി ജോര്‍ജിന്റെ ആന്റോ ആന്റണിയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനായ മാണി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സംയമനം പാലിക്കണമെന്ന്‌ കെപിസിസി പ്രസിഡന്‍ഡ്‌ വി എം സുധീരന്‍ പറഞ്ഞു. ആരുടെ ഭാഗത്തു നിന്ന്‌ വിവാദ പ്രസ്‌താവനകള്‍ ഉണ്ടായാലും കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതികരിക്കേണ്ടെന്നും പരസ്യ പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പൊതു ചര്‍ച്ചയ്‌ക്കില്ലെന്ന്‌ സുധീരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചെന്നും ഇനി പരസ്യ പ്രസ്‌താവനയ്‌ക്ക് ഇല്ലെന്നും പി സി ജോര്‍ജും വ്യക്‌തമാക്കിയിട്ടുണ്ട്‌.

കേരളത്തിലെ വോട്ടെടുപ്പ്‌ കഴിഞ്ഞ ഉടനെ പത്തനംതിട്ടയിലെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ആന്റോ ആന്റണിയ്‌ക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്‌ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ആന്റോ ആന്റണി നന്ദികെട്ടവനാണെന്നും പി സി ജോര്‍ജ്‌ ആരോപിച്ചു. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന്‌ ശക്‌തമയ പ്രതിഷേധമുയര്‍ന്നിരുന്നു. കോട്ടയത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇന്ന്‌ വീണ്ടും പി സി ജോര്‍ജിനെതിരായി പ്രതിഷേധ പ്രകടനം നടത്തി.

വെബ്ദുനിയ വായിക്കുക