യാത്രക്കാരിയെ അപമാനിച്ച ടി ടി ഇയെ റിമാന്റ് ചെയ്തു

ചൊവ്വ, 28 ഫെബ്രുവരി 2012 (18:14 IST)
PRO
PRO
ന്യൂഡല്‍ഹി- തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇയെ മാര്‍ച്ച് 13 വരെ റിമാന്റ് ചെയ്തു. ന്യൂഡല്‍ഹി സ്വദേശി രമേശ് കുമാറിനെയാണ് റിമാന്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ആര്‍പിഎഫ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളാ ഡി ജി പി ജേക്കബ് പുന്നൂസ് ദക്ഷിണ റെയില്‍‌വേ മാനേജര്‍ക്ക് കത്തയച്ചു. ട്രെയിനുകളില്‍ കൂടുതല്‍ പൊലീസിനെ നിയമിക്കുമെന്ന് ഡി ജി പി വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 60 പൊലീസുകാര്‍ക്ക് അടിയന്തര പാസ് അനുവദിക്കണമെന്നും ഡി ജി പി കത്തില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫിസ് ജീവനക്കാരിയായ ഹേമലതയുടെ പരാതി പ്രകാരമാണ് ടി ടി ഇ അറസ്റ്റിലായത്. മഡ്ഗാവ്-തിരുവനന്തപുരം യാത്രയ്ക്കിടെ ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയില്‍ വച്ച് ഹേമലതയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. എ വണ്‍ കോച്ചില്‍ വച്ച് ടി ടി ഇ തന്നോട് അപമര്യാദയായി പെരുമാറി എന്ന് ഹേമലതയുടെ പരാതിയില്‍ പറയുന്നു. രാജധാനി എക്സ്പ്രസില്‍ തിങ്കളാ‍ഴ്ച ഉച്ച തിരിഞ്ഞാണ് സംഭവമുണ്ടായത്.

ആസൂത്രണബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റും കവയിത്രിയുമായ എം ആര്‍ ജയഗീതയെ ട്രെയിനില്‍ അപമാനിച്ച സംഭവത്തിന് തൊട്ടുപിന്നാലെ ട്രെയിനില്‍ വീണ്ടും സ്ത്രീ അപമാനിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക