മോഡിയുമായി കൂടിക്കാഴ്ച: ഷിബു ബേബി ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി

ശനി, 20 ഏപ്രില്‍ 2013 (12:23 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് വിശദീകരണം തേടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിശദീകരണം തേടിയത്. കേരളത്തിന് മാതൃകയല്ല ഗുജറാത്ത്, ഗുജറാത്ത് മോഡല്‍ സ്വീകാര്യവുമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഒരു പരിപാടിയില്‍ വച്ച് ഷിബുവിനെ നേരിട്ട കണ്ടപ്പോഴാണ് വിശദീകരണം തേടിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോഴാണ് ഷിബു മോഡിയെ സന്ദര്‍ശിച്ച കാര്യം താന്‍ അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ച വിവാദമായതോടെ താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ വിവാദം മുന്നില്‍ക്കണ്ട് താന്‍ കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു എന്നും ഷിബു പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. മോഡിയുടെ രാഷ്ട്രീയത്തോടോ വികസനമോഡലിനോടോ തനിക്ക് യോജിപ്പില്ല. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ മോഡിയെ കണ്ടാല്‍ മാത്രമേ തൊഴില്‍ മന്ത്രിയെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന സാഹചര്യം വന്നപ്പോഴായിരുന്നു കൂടിക്കാഴ്ച വേണ്ടിവന്നത്. യുഡിഎഫിനേയോ കോണ്‍ഗ്രസിനേയോ അറിയിച്ചല്ല താന്‍ മോഡിയെ കണ്ടത്- ഷിബു ബേബി ജോണ്‍ പറഞ്ഞു.

അഹമ്മദാബാദില്‍ വ്യാഴാഴ്ച ആയിരുന്നു മോഡി- ഷിബു ബേബി ജോണ്‍ കൂടിക്കാഴ്ച നടന്നത്.

വെബ്ദുനിയ വായിക്കുക